About

എല്ലാ നമസ്കാരങ്ങളിലും നെഞ്ചത്ത് കൈ കെട്ടി ആത്മാര്‍ത്ഥതയോടെ “അല്ലാഹുവെ! എന്നെ നീ സ്വിറാത്തുല്‍ മുസ്തഖീമിലേക്ക് നയിക്കണെ” എന്ന്‍ അഞ്ച് നേരം പ്രാര്‍ഥിക്കുന്ന ഓരോ മുസല്‍മാനും സത്യത്തിലേക്കടുക്കാന്‍ സാധിക്കാവുന്നതെല്ലാം താന്‍ ചെയ്യുമെന്ന്‍ സ്വയം ആ പ്രാര്‍ത്ഥനയിലൂടെ തന്നെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.

എന്നാല്‍ പലപ്പോഴും ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിലേക്ക്‌ നോക്കിയാലും സത്യത്തോടുള്ള പ്രകൃതിപരമായ സ്നേഹം അവരില്‍ കാണുന്നുണ്ടെങ്കിലും അതിന് വേണ്ടിയുള്ള പരിശ്രമം തങ്ങളുടെ അവകാശവാദങ്ങളെ സത്യപ്പെടുത്തുന്നില്ല എന്ന്‍ പറയേണ്ടി വരും.

സത്യം ഒന്നു മാത്രമേയുള്ളൂ എന്നെല്ലാവര്‍ക്കും അറിയാം. എത്രയോ ആയത്തുകളില്‍ അല്ലാഹു പറഞ്ഞു : “അന്ധകാരങ്ങളില്‍ നിന്ന്‍ പ്രകാശത്തിലേക്ക്‌ “. എല്ലായിടത്തും പ്രകാശം എന്ന പദം ഏകവചനമാണ്. സത്യം ഒന്നാണെന്നും വഴികേടിന്‍റെ മാര്‍ഗങ്ങള്‍ അനേകം ഉണ്ടെന്നും അതില്‍ വ്യക്തമായ തെളിവുണ്ട്.

നബി-صلى الله عليه وسلم- സ്വിറാത്തുല്‍ മുസ്തഖിം സ്വഹാബികള്‍ക്ക് മനസ്സിലാക്കി നല്‍കിയത്‌ മണ്ണില്‍ ഒരു നേര്‍ വര വരച്ചു കൊണ്ടാണ്. അതെ! സത്യം വളവില്ലാത്തതാണ്. അതു പോലെ അതൊന്നു മാത്രവുമാണ്.

എന്നാല്‍ ബിദ്‌അത്തിന്‍റെ വഴികള്‍ അവിടുന്ന്‍ കാണിച്ചു കൊടുത്തത്‌ അതിന് നേര്‍വരയ്ക്ക കുറുകെ വളഞ്ഞും തിരിഞ്ഞും പോകുന്ന അനേകം വഴികള്‍ വരച്ചു കൊണ്ടാണ്. അതെ! അസത്യത്തിന്‍റെ വഴികള്‍ വളഞ്ഞായിരിക്കും. അതോടൊപ്പം അവ അനേകമുണ്ടാവുകയും ചെയ്യും.

സത്യം പിന്‍പറ്റുക എന്നത് അനിവാര്യമാണ്. അതിന് വേണ്ടിയാണ് നമ്മെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് തന്നെ. പക്ഷെ ജനങ്ങളെ സത്യത്തില്‍ നിന്ന്‍ അകറ്റുന്ന അനേകം കാര്യങ്ങളുണ്ട്. അവ തിരിച്ചറിയെണ്ടത് അനിവാര്യമാണ്. കാരണം പലപ്പോഴും ജനങ്ങളെ സത്യത്തില്‍ നിന്ന്‍ അകറ്റുന്നത് ഇത്തരം കാര്യങ്ങളാണ്